Saturday, February 28, 2009

നഷ്ടപ്പെട്ടത്

കാണാതെ പോയത് യുദ്ധമാണ്..
മരണമാണ്, കരച്ചിലുകളാണ്...
തീയും പുകയും നിറഞ്ഞ നാളുകളാണ്.


അറ്റുവീണ കാലുകളും

ചുട്ടുപഴുത്ത ലോഹത്തകിടുകളില്‍

വേവിച്ചെടുത്ത മനുഷ്യമാംസവുമാണ്.

റിമോട്ടില്‍ ബട്ടണുകള്‍ അമര്‍ത്തി

കാതോര്‍ത്ത്, കണ്ണ് നട്ട്

ചാനലുകളില്‍ നിന്ന് ചാനലുകളിലേക്ക്

ദേശസ്നേഹത്തിന്റെ ചിറകില്‍ ഞാന്‍ തേടി നടന്നു..

കാണാതെ പോയത്..യുദ്ധമാണ്,മരണമാണ്, കരച്ചിലുകളാണ്.


പറിച്ച് നടല്‍

ഞാന്‍ എന്നില്‍ നിന്നും
അവള്‍ അവളില്‍ നിന്നും
ഒരുപാട് അകലും തോറും
ഞങ്ങള്‍ അടുത്തുകൊണ്ടേയിരുന്നു.
എന്റെ വീക്ഷണങ്ങളെ അവള്‍ക്ക് പുച്ഛവും
അവളുടെ വിവരക്കേടിനെ(?) എനിക്ക് വെറുപ്പുമായിരുന്നു..എന്നിട്ടും...
അവളുമൊത്തുള്ള സഹശയനം
കാലഘട്ടത്തിന്റെ അനിവാര്യതയായിരുന്നു എന്നാണ് എനിക്ക് തോന്നിയത്.
അതിന്റെ ഉല്പന്നങ്ങള്‍ എന്നെ എന്നില്‍ നിന്ന് പറിച്ച്
അവളില്‍ നടുന്നത് വരെ.

Sunday, January 11, 2009

ജനനവും ജീവിതവും

ജനനം:
പൊക്കിള്‍ക്കൊടിയില്‍
ആത്മഹത്യക്ക് ശ്രമിച്ചതായിരുന്നു അവന്‍.
ആ ശ്രമത്തിനൊടുവില്‍,
പൊക്കിള്‍ക്കൊടി മുറിഞ്ഞ്
അമ്മയുടെ യോനീനാളത്തിലൂടെ
താഴോട്ട് വീണായിരുന്നു ജനനം.
ജീവിതം:
വച്ചു നീട്ടിയ ജീവിതത്തെ
തിരിച്ചെടുത്ത് അനുഗ്രഹിക്കാതിരുന്ന അമ്മ...
ദയാവധവും സ്വയഹത്യയും ,
ഗര്‍ഭാശയത്തിന് പുറത്ത് പാതകങ്ങളാണെന്ന തിരിച്ചറിവില്‍
ജീവിതം : കൊല്ലാനും, പിന്നെ കൊല്ലപ്പെടാനും!