Saturday, February 28, 2009

നഷ്ടപ്പെട്ടത്

കാണാതെ പോയത് യുദ്ധമാണ്..
മരണമാണ്, കരച്ചിലുകളാണ്...
തീയും പുകയും നിറഞ്ഞ നാളുകളാണ്.


അറ്റുവീണ കാലുകളും

ചുട്ടുപഴുത്ത ലോഹത്തകിടുകളില്‍

വേവിച്ചെടുത്ത മനുഷ്യമാംസവുമാണ്.

റിമോട്ടില്‍ ബട്ടണുകള്‍ അമര്‍ത്തി

കാതോര്‍ത്ത്, കണ്ണ് നട്ട്

ചാനലുകളില്‍ നിന്ന് ചാനലുകളിലേക്ക്

ദേശസ്നേഹത്തിന്റെ ചിറകില്‍ ഞാന്‍ തേടി നടന്നു..

കാണാതെ പോയത്..യുദ്ധമാണ്,മരണമാണ്, കരച്ചിലുകളാണ്.


പറിച്ച് നടല്‍

ഞാന്‍ എന്നില്‍ നിന്നും
അവള്‍ അവളില്‍ നിന്നും
ഒരുപാട് അകലും തോറും
ഞങ്ങള്‍ അടുത്തുകൊണ്ടേയിരുന്നു.
എന്റെ വീക്ഷണങ്ങളെ അവള്‍ക്ക് പുച്ഛവും
അവളുടെ വിവരക്കേടിനെ(?) എനിക്ക് വെറുപ്പുമായിരുന്നു..എന്നിട്ടും...
അവളുമൊത്തുള്ള സഹശയനം
കാലഘട്ടത്തിന്റെ അനിവാര്യതയായിരുന്നു എന്നാണ് എനിക്ക് തോന്നിയത്.
അതിന്റെ ഉല്പന്നങ്ങള്‍ എന്നെ എന്നില്‍ നിന്ന് പറിച്ച്
അവളില്‍ നടുന്നത് വരെ.

Sunday, January 11, 2009

ജനനവും ജീവിതവും

ജനനം:
പൊക്കിള്‍ക്കൊടിയില്‍
ആത്മഹത്യക്ക് ശ്രമിച്ചതായിരുന്നു അവന്‍.
ആ ശ്രമത്തിനൊടുവില്‍,
പൊക്കിള്‍ക്കൊടി മുറിഞ്ഞ്
അമ്മയുടെ യോനീനാളത്തിലൂടെ
താഴോട്ട് വീണായിരുന്നു ജനനം.
ജീവിതം:
വച്ചു നീട്ടിയ ജീവിതത്തെ
തിരിച്ചെടുത്ത് അനുഗ്രഹിക്കാതിരുന്ന അമ്മ...
ദയാവധവും സ്വയഹത്യയും ,
ഗര്‍ഭാശയത്തിന് പുറത്ത് പാതകങ്ങളാണെന്ന തിരിച്ചറിവില്‍
ജീവിതം : കൊല്ലാനും, പിന്നെ കൊല്ലപ്പെടാനും!

Saturday, October 18, 2008

ഒരു ഇടങ്കയ്യന്റെ കഥ

ഇടതുകയ്യില്‍ പേന പിടിക്കുന്നതുകൊണ്ട് ,
ടീച്ചറ് ബെഞ്ചിന്റെ വലത്തേ അറ്റത്തേക്ക് മാറ്റിയിരുത്തിയപ്പോഴാണ്
ജീവിതത്തിലെ ആദ്യത്തെ ഒറ്റപ്പെടല്‍

എഴുതുന്ന വലം കൈകള്‍ക്ക് ശല്യമാകാതിരിക്കാന്‍
ഒഴിഞ്ഞ ബെഞ്ചുകളില്‍ മാറിയിരിക്കണം എന്ന്
വര്‍ഷങ്ങളുടെ അധ്യയനം.

ഇടതും വലതും തിരിച്ചറിയാത്ത കീബോര്‍ഡിലൂടെ
മറ്റുള്ളവരില്‍ ഒരാളാകാന്‍ ശ്രമിച്ചപ്പോള്‍
ഇടം കയ്യില്‍ ഇടം കണ്ട മൌസ് ബട്ടണുകള്‍
വലതില്‍ നിന്ന് ഇടതിലേക്കുള്ള ദൂരം അയാളെ ഓര്‍മിപ്പിച്ചു കൊണ്ടിരുന്നു.

Tuesday, October 14, 2008

മിസാരു, കിക്കസാരു,ഇവസാരു

കണ്ണുകള്‍ , നാക്ക് , കാതുകള്‍
ഇവ നഷ്ടപ്പെട്ടപ്പോള്‍ ഞാന്‍ മൂന്നായി തപസ്സിരുന്നു.
അരുത് എന്ന് പറഞ്ഞവനെ മൌനം കൊണ്ട് പരിഹസിച്ചു
നഗ്നനെന്ന് വിളിച്ചവനെ കണ്ണടപ്പിച്ച് ഇരുട്ടിലാക്കി
കരച്ചില്‍ കേട്ടവനെ കാതടപ്പിച്ച് ബധിരനാക്കി

എന്റെ മൂന്ന് രൂപങ്ങള്‍ എന്റെ ഒരേ ഒരു കൈമുതല്‍
ഞാന്‍ നൂറ് കോടിയുടെ നാഥന്‍!